4 പേരുടെ നുണപരിശോധന പൂർത്തിയാക്കി സിബിഐ

4 പേരുടെ നുണപരിശോധന പൂർത്തിയാക്കി സിബിഐ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ 4 പേരുടെ നുണപരിശോധന പൂർത്തിയാക്കി.

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനയാണു പൂർത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറിൽ കോടതിക്കു കൈമാറും.     

അപകടസ്ഥലത്ത് താൻ  ദുരൂഹ സാഹചര്യത്തിൽ സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്. കാർ ഓടിച്ചിരുന്നത് ബാലഭാസ്കറെന്നായിരുന്നു ഡ്രൈവർ അർജുന്റെ മൊഴി.  എന്നാൽ അർജുനാണു കാർ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അർജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തും.   പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പിന്നീടു സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയരായിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. 

തന്റെ ഭാഗം സിബിഐയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും,  അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് കരുതുന്നതെന്നും, മരണവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം അറസ്റ്റുൾപ്പെടെയുള്ള തുടർ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കലാഭവൻ സോബി നുണപരിശോധന പൂർത്തിയായ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.