ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം, കേരളത്തിനും തമിഴ് നാടിനും മുന്നറിയിപ്പ്

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം, കേരളത്തിനും തമിഴ് നാടിനും മുന്നറിയിപ്പ്

 

 

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദമായും ചുഴലിക്കാറ്റായും മാറിയേക്കുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് .   ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. 

അന്തരീക്ഷ മര്‍ദത്തിൻ്റെ ഫലമായി ദിശമാറിയാല്‍ അതു കേരളത്തിനു ഭീഷണിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.  ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതു തെക്കന്‍കേരളത്തിലൂടെയാകും.  അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മാത്രമേ ബുര്‍വിയുടെ കൃത്യമായ ഗതി മനസിലാക്കാന്‍ സാധിക്കൂ. അതേസമയം, ന്യൂനമര്‍ദത്തിൻ്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിയും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിൻ്റെ രൂപവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.