വരുന്നത് അതീവ നിർണായക ദിനങ്ങൾ, വേണ്ടി വന്നാൽ ലോക്ഡൗണും പരിഗണനക്കും- മന്ത്രി ശൈലജ

വരുന്നത് അതീവ നിർണായക ദിനങ്ങൾ, വേണ്ടി വന്നാൽ ലോക്ഡൗണും പരിഗണനക്കും- മന്ത്രി ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഒരു ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിൽ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ അതിനിടെ ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ചില അനുസരണക്കേടുകൾ കോവിഡ് പ്രതിരോധത്തിൽ ഉണ്ടായി. സമരങ്ങൾ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. 

സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് രോഗമുണ്ടായി. ഇതിൽ ഒരു ലക്ഷത്തിപതിനാലായിരം പേർ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളത്തിൻ്റേത്. കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.

656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0.39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികൾ കൂടിയതും കേരളത്തിൽ വലിയ പ്രതിസന്ധിയാണ്. കൊവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.