അഴിമതിക്കേസ് പ്രതി കെ എ രതീഷിന് ഇരട്ടിയിലധികം ശമ്പളം: സര്‍ക്കാര്‍ നീക്കം വിവാദം

അഴിമതിക്കേസ് പ്രതി കെ എ രതീഷിന് ഇരട്ടിയിലധികം ശമ്പളം: സര്‍ക്കാര്‍ നീക്കം വിവാദം

തിരുവനന്തപുരം: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയില്‍നിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തില്‍ വരും. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയര്‍മാനുമായ മന്ത്രി ഇ പി ജയരാജന്‍ മിന്നല്‍ വേഗത്തില്‍ അംഗീകാരം നല്‍കി. തൊട്ട് പിന്നാലെ ധനവകുപ്പും ശമ്പള വര്‍ദ്ധന അംഗീകരിച്ചു. 

അന്തിമ നടപടികള്‍ക്കായി വ്യവസായ സെക്രട്ടറിക്ക് മുന്നില്‍ ഫയല്‍ എത്തിയപ്പോഴാണ് പൊരുത്തക്കേടില്‍ സംശയമുയര്‍ന്നത്. മുന്‍ സെക്രട്ടറിമാരുടെ ശമ്പളം എത്രയെന്ന് അന്വേഷിച്ച് വ്യവസായ സെക്രട്ടറി ഖാദി ബോര്‍ഡിനോട് വ്യക്തത തേടി. എണ്‍പതിനായിരമായിരുന്നു തൊട്ടുമുമ്പുള്ള സെക്രട്ടറി വാങ്ങിയ ശമ്പളം. കുരുക്ക് നീങ്ങാന്‍ ഖാദി ബോര്‍ഡിനെ കൊണ്ട് തന്നെ തീരുമാനമെടുപ്പിക്കാന്‍ രതീഷ് നടത്തിയ നീക്കമാണ് ഇതെന്ന് വ്യക്തമായി.നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്.

തോട്ടണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നു. കെ എ രതീഷ് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വര്‍ദ്ധനവും മറനീങ്ങുന്നത്. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കശുവണ്ടി വികസന കോര്‍പറേഷന്‍ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന കേസ് വിജിലന്‍സ് എഴുതിത്തള്ളിയിടത്താണ് സിബിഐ വന്‍ക്രമക്കേട് കണ്ടെത്തിയത്.ഇറക്കുമതി വ്യവസ്ഥകള്‍ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തി.

വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാന്‍ 2015ല്‍ സിബിഐയെ ചുമതലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. 2005 മുതല്‍ 2015 വരെ കോര്‍പറേഷന്‍ എംഡിയായിരുന്നു രതീഷ്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുടിശ്ശിക നല്‍കാന്‍ പോലും വഴിയില്ലാതെ ശ്വാസം മുട്ടുകയാണ് ഖാദി ബോര്‍ഡ്. അപ്പോഴാണ് വിവാദ ഉദ്യോഗസ്ഥന് ഇരട്ടിയിലേറെ ശമ്പളം അതിവേഗം കൂട്ടി നല്‍കാനുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം.