ഓസീസ് ക്രിക്കറ്റ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസീസ് ക്രിക്കറ്റ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ കഴിയുമ്പോഴാണ് അന്ത്യം. ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കും സുപരിചിതനാണ്.

'ഡീന്‍ മെര്‍വിന്‍ ജോണ്‍സ് അന്തരിച്ച വിവരം ഏറ്റവും വേദനയോടെ എല്ലാവരെയും അറിയിക്കുന്നു' - ഡീന്‍ ജോണ്‍സ് ഐപിഎല്‍ കമന്റേറ്ററായി സേവനമനുഷ്ഠിച്ചുവന്ന ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതല്‍ 1994 വരെയുള്ള ഒരു പതിറ്റാണ്ട് കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. 'പ്രഫസര്‍ ഡീനോ' എന്ന പേരില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ പ്രശസ്തനായ ഡീന്‍ ജോണ്‍സ്, ഏകദിനത്തില്‍ ആക്രമണം മുഖമുദ്രയാക്കിയ ബാറ്റിങ് ശൈലിയിലൂടെ കയ്യടി നേടി. 245 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 51.85 ശരാശരിയില്‍ 19,188 റണ്‍സ് നേടി. ഇതില്‍ 55 സെഞ്ചുറികളും 88 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.

1984 ജനുവരി 30ന് അഡ്ലെയ്ഡില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതേ വര്‍ഷം മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി. അതിനും രണ്ടു വര്‍ഷം മുന്‍പ് 1992 സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

ടെസ്റ്റില്‍ 89 ഇന്നിങ്‌സുകളില്‍നിന്ന് 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി. ഇതില്‍ 11 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 216 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തില്‍ 161 ഇന്നിങ്‌സുകളില്‍നിന്ന് 44.61 ശരാശരിയില്‍ 6068 റണ്‍സ് നേടി. ഇതില്‍ ഏഴു സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 54 ക്യാച്ചുകളും സ്വന്തമാക്കി