ദിവസവും മുട്ട കഴിച്ചാല്‍ പ്രമേഹം ?

ദിവസവും മുട്ട കഴിച്ചാല്‍ പ്രമേഹം ?

മുട്ട ഒരു ആരോഗ്യഭക്ഷണം തന്നെ. എന്നാല്‍ മുട്ടയുടെ ഉപയോഗം അമിതമായാലോ? പ്രമേഹസാധ്യത വര്‍ധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ പറയുന്നു. ചൈന മെഡിക്കല്‍ സര്‍വകലാശാലയും ഖത്തര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് 1991 മുതല്‍ 2009 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ചൈനയിലെ മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ മുട്ടയുടെ ഉപയോഗം കണക്കാക്കി. ദിവസവും ഒന്നോ അതിലധികമോ മുട്ട (50 ഗ്രാമിന് തുല്യം) കഴിച്ച ആളുകളില്‍ പ്രമേഹസാധ്യത 60 ശതമാനം ആണെന്ന് പഠനത്തില്‍ കണ്ടു. പ്രമേഹത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരി 8.5 ശതമാനം ആണ്. എന്നാല്‍ ചൈനയില്‍ ഇത് 11 ശതമാനം കടന്നിരിക്കുന്നു. ഇത് ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണ്. ദിവസം 38 ഗ്രാമിലധികം മുട്ട വീതം ദീര്‍ഘകാലം കഴിക്കുന്നത് മുതിര്‍ന്നവരില്‍ പ്രമേഹസാധ്യത 25 ശതമാനം കൂട്ടുമെന്നു കണ്ടു.

ദിവസവും 50 ഗ്രാമിലധികം മുട്ട കഴിക്കുന്ന മുതിര്‍ന്നവരില്‍ പ്രമേഹ സാധ്യത  60 ശതമാനം വര്‍ധിക്കുമെന്നും പുരുഷന്മാരേക്കാളധികം സ്ത്രീകളിലാണ് രോഗസാധ്യത ഏറുന്നതെന്നും പഠനത്തില്‍ കണ്ടു. ടൈപ്പ് 2 പ്രമേഹസാധ്യത ഭക്ഷണ ശീലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ഇറച്ചിയുടെ കൂടിയ ഉപയോഗം, വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് രോഗസാധ്യത കുറയ്ക്കും.