നിങ്ങളുടെ മാസ്‌കിന് ശരിക്കും വൈറസ് കണികകളെ തടയാനാകുമോ ? പരിശോധിക്കാം

നിങ്ങളുടെ മാസ്‌കിന് ശരിക്കും വൈറസ് കണികകളെ തടയാനാകുമോ ? പരിശോധിക്കാം

മാസ്‌ക് അണിയുന്നതും  കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും മാത്രമാണ് നിലവിൽ കോവിഡിനെതിരെയുള്ള പ്രതിരോധം. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌ക് കോവിഡിനെ തടയാന്‍ എത്ര മാത്രം ഫലപ്രദമാണ്? ഇതിനെ കുറിച്ച് പലര്‍ക്കും അത്ര ഉറപ്പൊന്നും ഇല്ല. എന്നാല്‍ മാസ്‌കുകകളുടെ കാര്യക്ഷമത അറിയാന്‍ ഒരു പരിശോധന രീതി അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയിലെ ഗവേഷകര്‍  ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. 

ചെറുകിട മാസ്‌ക് ഉത്പാദകര്‍ക്ക് തങ്ങളുടെ മാസ്‌ക് രൂപകല്‍പനകള്‍ പരിശോധിക്കാനും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഈ പരിശോധനയിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഇത് സംബന്ധിച്ച പ്രക്രിയ വിശദീകരിച്ചിട്ടുണ്ട്. 

14 വ്യത്യസ്ത തരം മാസ്‌കുകളുടെയും ബന്ദാന പോലെ മാസ്‌കിനു സമാനമായ വസ്തുക്കളുടെയും കാര്യക്ഷമതയാണ് ഗവേഷക സംഘം പരിശോധിച്ചത്. പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തികളെ മാസ്‌ക് അണിയിച്ച ശേഷം ഒരു ഇരുട്ടുമുറിയില്‍ നിര്‍ത്തും. എന്നിട്ട് ഒരു ലേസര്‍ ബീമിനുനേരേ തിരിഞ്ഞു നിന്ന് ''സ്റ്റേ ഹെല്‍ത്തി, പീപ്പിള്‍ '' എന്ന് അഞ്ച് തവണ പറയണം. ഇവര്‍ മാസ്‌ക് വച്ച് സംസാരിക്കുമ്പോള്‍ വായില്‍ നിന്നു തെറിക്കുന്ന കണികകളില്‍ ലേസര്‍ ബീം തട്ടി തെറിക്കും. ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഈ കണികകളെ റെക്കോര്‍ഡ് ചെയ്യാനും ലളിതമായ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് അവയെ എണ്ണാനും സാധിക്കും. ലേസര്‍ ബീം പോലെ എളുപ്പം ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച്, വിദഗ്ധരല്ലാത്തവര്‍ക്കും ഈ പരീക്ഷണം നടത്താമെന്ന് ഗവേഷകര്‍ പറയുന്നു. 

വാല്‍വുകള്‍ ഇല്ലാത്ത എന്‍95 മാസ്‌കുകള്‍ കണികകളെ തടയാന്‍ ഏറ്റവും മികച്ചതാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി. സര്‍ജിക്കല്‍ മാസ്‌കും കോട്ടണ്‍ മാസ്‌കുകളും ഫലപ്രദമാണ്. എന്നാല്‍ ബന്ദാനകള്‍, നെക്ക് ഫ്‌ളീസുകള്‍ പോലുള്ളവ അത്ര സംരക്ഷണം കോവിഡ് വൈറസിനെതിരെ നല്‍കിയേക്കില്ല എന്നും പഠനം ചൂണ്ടിക്കാട്ടി. ബന്ദാനകളിലൂടെ വലിയ കണികകള്‍ കടന്നു പോരുമെന്ന് ഗവേഷകര്‍ പറയുന്നു. 

എന്നാല്‍ ഈ പുതിയ പരീക്ഷണ രീതി ഇനിയും കൂടുതല്‍ വികസിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. ആളുകള്‍ സംസാരിക്കുമ്പോള്‍ പുറത്ത് വരുന്ന കണികകള്‍ മാത്രമാണ് ഇതുവരെ പരീക്ഷിക്കപ്പെട്ടത്. അവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒക്കെ പുറത്ത് വരുന്ന കണികകളും ഇത്തരത്തില്‍ പരിശോധിക്കപ്പെടണമെന്നും ഇവര്‍ പറയുന്നു.