വ്യാജ സാനിറ്റൈസര്‍:11 ബ്രാന്‍ഡുകള്‍ക്കെതിരെ കേസ്

വ്യാജ സാനിറ്റൈസര്‍:11 ബ്രാന്‍ഡുകള്‍ക്കെതിരെ കേസ്

കൊറോണ വൈറസ് പ്രതിരോധ മാര്‍ഗമെന്ന നിലയ്ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ എന്ന ഉത്പന്നത്തെ നമ്മളില്‍ മിക്കവരും പരിചയപ്പെടുന്നത് തന്നെ. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും. 

എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിച്ചേക്കും. അളവില്‍ അമിതമായ ഉപയോഗം, ശരീരത്തിനകത്തേക്ക് എടുക്കുന്നത്, ഇടവിട്ട് മണക്കുന്നത് എല്ലാം സാനിറ്റൈസറിന്റെ ദോഷവശങ്ങളിലേക്ക് നമ്മെ നയിക്കും. അത്രമാത്രം സൂക്ഷ്മത വേണ്ട ഒന്നാണ് സാനിറ്റൈസര്‍ ഉപയോഗമെന്ന് സാരം. 

എന്നാല്‍ ഇങ്ങനെയൊരു ഉത്പന്നത്തില്‍ പോലും മായം ചേര്‍ത്ത് വില്‍പന നടത്തുകയാണ് ചിലര്‍. ഇത്തരത്തില്‍ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനൊന്ന് ബ്രാന്‍ഡുകളുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. 

ആരോഗ്യ മന്ത്രി അനില്‍ വിജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സാനിറ്റൈസറിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നുവെന്നും ഇതില്‍ 11 ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

ആകെ 248 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 123 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 109 എണ്ണമാണ് ഗുണമേന്മാ പരിശോധന പാസായത്. പതിനാല് സാമ്പിളുകള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതില്‍ ഒമ്പതെണ്ണം ഉപയോഗിക്കാന്‍ കൊള്ളാത്തത്രയും ഗുണമേന്മയില്ലാത്തത് ആയിരുന്നത്രേ. അഞ്ച് ബ്രാന്‍ഡുകളുടെ സാനിറ്റൈസറിലാണെങ്കില്‍ 'മെഥനോളി'ന്റെ അംശം അപകടകരമായ തോതില്‍ കൂടുതലായിരുന്നുവത്രേ. 

വ്യാജ സാനിറ്റൈസര്‍ വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാറിന്റെ നടപടി. ഇനിയും ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.