മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിംഹ് അന്തരിച്ചു.

മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിംഹ് അന്തരിച്ചു.

ന്യൂഡല്‍ഹി - മുന്‍ കേന്ദ്ര മന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായിരുന്ന ജസ്വന്ത് സിംഗ് (82) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ വിദേശ, പ്രതിരോധ, ധനകാര്യ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും നാലു തവണ ലോക്‌സഭയിലും അംഗമായിരുന്നു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ജസോള്‍ ഗ്രാമത്തില്‍‍ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. 1960കളില്‍ കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തില്‍ കടന്നത്.

1996-ലെ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2000-01 കാലയളവില്‍ തെഹല്‍ക വിവാദം മൂലം രാജിവെച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി.

പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായിരുന്ന ജസ്വന്ത് 2014ൽ പാർട്ടിയിൽ നിന്ന് രാജിവച്ചു.