സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ എല്ലാം അറിയാമായിരുന്ന ശിവശങ്കര്‍: ഇ ഡിക്കു നല്‍കിയ മൊഴി പുറത്ത്‌

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ എല്ലാം അറിയാമായിരുന്ന ശിവശങ്കര്‍: ഇ ഡിക്കു നല്‍കിയ മൊഴി പുറത്ത്‌

കൊച്ചി: ഇ ഡിയുടെ നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ എം ശിവശങ്കര്‍ കൊടുത്ത മൊഴി പുറത്ത്‌. 2016 മുതല്‍ യുഎഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്ന് എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു എന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നത് പോലെ 2017 ക്ലിഫ് ഹൗസില്‍ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓര്‍മയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിക്കാന്‍ എം ശിവശങ്കര്‍ തയ്യാറായിട്ടില്ല. 

സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി ഉള്ളത്. സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റിബില്‍ഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്റുമായി ഒരു തവണ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അടക്കം ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്നും അത് വില്‍പ്പന നടത്താറുണ്ടെന്നും സ്വപ്ന  പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാഘങ്ങള്‍ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയില്‍ വില്‍ക്കുകയാണ് പതിവെന്നുമാണ് സ്വപ്ന പറഞ്ഞിരുന്നത്. 'കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ്' എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് ഒരു ഘട്ടത്തിലും പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമാണ് എം ശിവശങ്കര്‍ വിശദീകരിക്കുന്നത്.