മന്ത്രി ജലീലിനെ വീണ്ടും കുരുക്കിലാക്കി സ്വപ്നയുടെ മൊഴി

മന്ത്രി ജലീലിനെ വീണ്ടും കുരുക്കിലാക്കി സ്വപ്നയുടെ മൊഴി

മന്ത്രി ജലീലിനെ വീണ്ടും കുരുക്കിലാക്കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം ഭാഷയില്‍ പോസ്റ്റിട്ടയാളെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോട് സ്വപ്ന മൊഴി നല്‍കിയത്. യാസിര്‍ എടപ്പാള്‍ എന്നയാളെ ജോലി നഷ്ടപ്പെടുത്തി ഡീപോര്‍ട്ട് ചെയ്ത് നാട്ടിലെത്തിക്കാന്‍ കെ ടി ജലീല്‍ ശ്രമിച്ചെന്നാണ് മൊഴി.

സമൂഹമാധ്യമങ്ങളില്‍ മോശം ഭാഷയില്‍ കെ ടി ജലീലിനെതിരായി പോസ്റ്റിട്ട, ലീഗ് പ്രവര്‍ത്തകനായ യാസിര്‍ എടപ്പാള്‍ എന്ന പ്രവാസിക്ക് എതിരെ മന്ത്രി കേസ് കൊടുത്തിരുന്നു. അപകീര്‍ത്തിക്കേസാണ് ഫയല്‍ ചെയ്തത്. എന്നാല്‍ നാട്ടില്‍ ഫയല്‍ ചെയ്ത കേസ് കൊണ്ട് ഒന്നുമാകില്ലെന്നും, താന്‍ വിദേശത്താണുള്ളതെന്നും യുഎഇയില്‍ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്നും, ഇതിന് മറുപടിയായി യാസിര്‍ എടപ്പാള്‍ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. 

ഇതില്‍ പ്രകോപിതനായ മന്ത്രി, യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട്, അവിടെ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് യാസിര്‍ എടപ്പാളിനെ നാടുകടത്തി, കേരളത്തിലെത്തിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന് ശ്രമിച്ചിരുന്നു. ഇതിനായി താനുമായി മന്ത്രി സംസാരിച്ചിരുന്നുവെന്നാണ് സ്വപ്ന നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് വിദേശകാര്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഇടപെടല്‍ നടത്താനാകില്ല. 

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ആവശ്യം മന്ത്രിക്ക് ഉന്നയിക്കണമെങ്കില്‍ അത് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച്, അത് വഴിയായിരിക്കണം ആശയവിനിമയം നടത്തേണ്ടത്. അതും ഗുരുതരമായ കേസുകളാണെങ്കിലേ അത്തരം ആശയവിനിമയം നടത്തുക പതിവുള്ളൂ.
അപകീര്‍ത്തിക്കേസുകള്‍ പോലെയുള്ള, താരതമ്യേന ചെറിയ കേസുകളില്‍ ഇത്തരം ഇടപെടലുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒരു പ്രതിനിധി നടത്താറില്ല. അതും നേരിട്ട് കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടത് ചട്ടലംഘനം തന്നെയാണെന്നും വിദേശകാര്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.