രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ഇ ഡി നിർബന്ധിക്കുന്നു - എം ശിവശങ്കറെ

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ഇ ഡി നിർബന്ധിക്കുന്നു -   എം ശിവശങ്കറെ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം.ശിവശങ്കർ. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം വ്യക്തമാക്കുന്നത്. 

സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ് സന്ദേശങ്ങളുടെ  പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. തൻ്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കർ പറയുന്നു. 

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഓഫീസറേയും താൻ വിളിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി ഇഡി നുണകൾ പ്രചരിപ്പിക്കുകയാണെന്നും ശിവശങ്കർ കോടതിയിൽ ആരോപിക്കുന്നു. ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കർ കോടതിക്ക് വിശദീകരണം നൽകിയത്. 

സ്വർണക്കളളക്കടത്ത്-ഡോള‍ർ ഇടപാടുകളിൽ  എം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തു.  എറണാകുളം ജില്ലാ ജയിലിൽ  വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്‍റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നടപടി.

ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്ത ഒരുകോടി രൂപ സ്വർണക്കടത്തിൽ സ്വപ്നയ്ക്കു ലഭിച്ച പ്രതിഫലമാണെന്നാണു കസ്റ്റംസും എൻഐഎയും കണ്ടെത്തിയത്. എന്നാൽ, ഇതു തകിടം മറിക്കുന്ന സത്യവാങ്മൂലമാണു കഴിഞ്ഞയാഴ്ച എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് കോടതിയിൽ സമർ‍പ്പിച്ചത്. ലോക്കറിലെ പണം, ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ വാദം.