'ശബര്യാരാമം' പദ്ധതിയില്‍ പങ്കുചേരാന്‍ മാടക്കത്തറ ഗ്രാമം ഒരുങ്ങുന്നു

'ശബര്യാരാമം' പദ്ധതിയില്‍ പങ്കുചേരാന്‍ മാടക്കത്തറ ഗ്രാമം ഒരുങ്ങുന്നു

തൃശൂര്‍: ശബരിമല പൂങ്കാവനത്തിന് സമീപം കൂനങ്കര ശബരി ശരണാശ്രമം സ്ഥിതി ചെയ്യുന്ന 18 ഏക്കര്‍ സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്ന 'ശബര്യാരാമം' പദ്ധതിയില്‍ പങ്കുചേരാന്‍ മാടക്കത്തറ ഗ്രാമം ഒരുങ്ങുന്നു. ശബര്യാരാമത്തിലേക്ക് ആവശ്യമായ എല്ലാ ഫലവൃക്ഷങ്ങളുടെയും തൈകള്‍ ശേഖരിച്ച്‌ ആഘോഷപൂര്‍വ്വം മാടക്കത്തറ ഗ്രാമത്തില്‍ നിന്നും പ്രത്യേകം തയ്യാര്‍ ചെയ്ത വാഹനത്തില്‍ കൊണ്ടുപോകുന്നതിന് സജ്ജീകരണം ആരംഭിച്ചു.

ശബരിമലയില്‍ എത്തുന്ന അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ഭക്ഷണ, താമസ, ചികിത്സാ സൗകര്യം ഒരുക്കാനും സജ്ജമാക്കിയിട്ടുള്ള പ്രമുഖ ഇടത്താവളമാണ് ശബരി ശരണാശ്രമം. അവിടെ ഫലവൃക്ഷം വച്ചുപിടിപ്പിക്കുന്നതിലൂടെ യാത്ര ചെയ്തുവരുന്ന അയ്യപ്പന്മാര്‍ക്ക് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണമായി നല്‍കാനാകും. മാടക്കത്തറയിലുള്ള നഴ്സറികളില്‍ നിന്നാണ് ഫലവൃക്ഷത്തൈകള്‍ ശേഖരിക്കുന്നത്.

മാടക്കത്തറയില്‍ നടന്ന യോഗത്തില്‍ ശബരി ശരണാശ്രമം ട്രസ്റ്റിയായ കുമ്മനം രാജശേഖരന്‍ പദ്ധതി വിശദീകരിച്ചു. യാത്രാക്ലേശം നിമിത്തം വിശന്നു വലഞ്ഞുവരുന്ന അയ്യപ്പന്മാര്‍ക്ക് ഫലവര്‍ഗ്ഗം നല്‍കി വിശപ്പകറ്റുന്നതിന് ഈശ്വരീയമായ ശ്രേഷ്ഠ കര്‍മ്മമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഷി പല്‍പ്പു, ഹിന്ദു ഐക്യവേദി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷരുണ്‍ കൂട്ടാല, ബി.ജെ.പി ഒല്ലൂര്‍ മണ്ഡലം പ്രസിഡൻ്റ് പ്രനീഷ്, ബി.ജെ.പി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷിനോജ് ചിറക്കേകോട്, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡൻ്റ് പ്രശാന്ത്, അഡ്വ. ഹരികിരണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.