ഹെല്‍മെറ്റില്ലെങ്കില്‍ ലൈസന്‍സ് 'സസ്‌പെന്‍ഡ് ചെയ്യും'- നടപടി ഇന്നുമുതല്‍

ഹെല്‍മെറ്റില്ലെങ്കില്‍ ലൈസന്‍സ്  'സസ്‌പെന്‍ഡ് ചെയ്യും'- നടപടി ഇന്നുമുതല്‍

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.   പിഴ ചുമത്തുന്നതിനുപുറമേയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.

തിങ്കളാഴ്ച മുതല്‍ പരിശോധന ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍വാഹനവകുപ്പും പോലീസും.   ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഏകദേശം 800-ലധികം പേരാണ് ഹെല്‍മെറ്റില്ലാത്തതിന് പിടിയിലായത്. ഈ മാസം 25-വരെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെൻ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 172 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. 

ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. ഇ- പോസ് മെഷീന്‍, ഇ- ചെലാന്‍ സംവിധാനത്തിലൂടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഗതാഗതനിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. പരിശോധന കര്‍ശനമാക്കുമെന്നും പിഴയ്‌ക്കൊപ്പം ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്നും പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി.ആര്‍.സജീവ് പറഞ്ഞു.