സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ വേണമെന്ന് മാര്‍പ്പാപ്പ; വിപ്ലവകരമായ നിലപാട് സ്വാഗതം ചെയ്ത് ഐക്യ രാഷ്ട്ര സഭ

സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ വേണമെന്ന് മാര്‍പ്പാപ്പ; വിപ്ലവകരമായ നിലപാട് സ്വാഗതം ചെയ്ത് ഐക്യ രാഷ്ട്ര സഭ

ഒരു കൃസ്ത്യന്‍ പുരോഹിതനില്‍ നിന്ന് വരാവുന്ന ഏറ്റവും വിപ്ലവകരമായ നിലപാടാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന  മാര്‍പാപ്പയുടെ നിലപാട് സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭയും രംഗത്തെത്തിക്കഴിഞ്ഞു. ഈ പ്രഖ്യാപനം എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന് സഭയിലെ മുന്‍ഗാമികളുടെ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുത്തിയത്. സ്വവര്‍ഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിക്കണമെന്നും, അവര്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും പോപ്പ് വ്യക്തമാക്കി. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പോപ്പ് സ്വവര്‍ഗ ബന്ധത്തില്‍ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത്.

മുന്‍പുള്ള എല്ലാ മാര്‍പാപ്പമാരുടെയും നിലപാടിനെ തിരുത്തുന്നതാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. 'ഫ്രാന്‍സിസ്‌കോ' എന്ന ഡോകുമെന്ററിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായപ്രകടനം. 

എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. സ്വവര്‍ഗ ബന്ധത്തിന്റെ പേരില്‍ ആരും ഉപേക്ഷിക്കപ്പെടരുത്. ഫ്രാന്‍സീസ് മാര്‍പാപ്പ ഡോക്മെന്ററിയില്‍ പറഞ്ഞു.