സഞ്ജുവിന് വീണ്ടും പിഴച്ചു, മുംബൈക്ക് മുന്നിലും രാജസ്ഥാൻ വീണു.

സഞ്ജുവിന് വീണ്ടും പിഴച്ചു, മുംബൈക്ക് മുന്നിലും രാജസ്ഥാൻ വീണു.

ഐപിഎല്ലില്‍ മുംബൈക്ക് എതിരെ രാജസ്ഥാന് 57 റണ്‍സിൻ്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി.സഞ്ജു  സാംസൺ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിടിച്ചനില്‍ക്കേണ്ടതിന് പകരം ബോള്‍ട്ടിൻ്റെ പന്തിൽ പുള്‍ ഷോട്ടിന് മുതിര്‍ന്നപ്പോള്‍ പുറത്താവുകയായിരുന്നു. മിഡ് ഓഫില്‍ രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയ പരമ്പരക്ക് വിരാമമിട്ട മുംബൈ ഇന്ത്യന്‍സ് ആറ് മത്സരങ്ങളില്‍ നാലു ജയവുമായി  പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.അഞ്ച് കളികളില്‍ മൂന്നാം തോല്‍വിയോടെ രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് വീണു.2015നുശേഷം ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മുംബൈയുടെ ആദ്യ ജയമാണിത്.

നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് ആണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍.47 പന്തില്‍ പുറത്താവാതെ 79 റൺസ്.

70 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. 44 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാലു ഫോറുമടങ്ങിയതാണ് ബട്ട്ലറുടെ ഇന്നിങ്സ്. കിറോണ്‍ പൊള്ളാര്‍ഡിൻ്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ബട്ട്‌ലര്‍ പുറത്തായത്. തുടക്കം മുതല്‍ തകര്‍ച്ച നേരിട്ട രാജസ്ഥാന് ആദ്യ 17 പന്തുകള്‍ക്കുള്ളില്‍ യശസ്വി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 11 റണ്‍സുമായി മഹിപാല്‍ ലോംറോറും അധികം വൈകാതെ മടങ്ങി. അഞ്ചാം വിക്കറ്റില്‍ബട്ട്‌ലറും ടോം കറനും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ത്തു. 16 പന്തുകളില്‍ 15 റണ്‍സുമായി കറനും മടങ്ങി.

മുംബൈക്കായി ട്രെൻ്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും 4.5 ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്തു.