കേരളത്തില്‍ കൊവിഡ് വന്നുപോയ കുട്ടികളില്‍ പുതിയൊരു രോഗം വ്യപകമാകുന്നു

കേരളത്തില്‍ കൊവിഡ് വന്നുപോയ കുട്ടികളില്‍ പുതിയൊരു രോഗം വ്യപകമാകുന്നു

കോവിഡിന് പിന്നാലെ കേരളത്തിലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. കൊവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കില്‍ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം കണ്ടെത്തുന്നത്. പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകള്‍, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കല്‍, രക്തസമ്മര്‍ദ്ദം കുറയല്‍ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം.  

അണുബാധക്ക് ശേഷം ചില കുട്ടികളില്‍ രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെയുള്ള കാലയളവില്‍ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്. കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോള്‍ കേരളത്തിലും കൂടി വരുന്നത്. ഏപ്രില്‍ അവസാന വാരം കോഴിക്കോട്ട് ആണ് ഏഷ്യയില്‍ തന്നെ ആദ്യമായി രോഗം കണ്ടെത്തിയത്. കേരളത്തില്‍ കൊവിഡ് വ്യാപനം തീവ്രമായ സെപ്തംബറിലും ഒക്ടോബറില്‍ ഇതുവരെയും 25-ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.