കൃത്രിമ-പുന:രധിവാസ ഉപകരണങ്ങളുടെ സംയുക്ത ഗവേഷണത്തിനും വികസനത്തിനും ശ്രീചിത്ര- ടൈനോര്‍ കരാര്‍

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൈദ്യശാസ്ത്ര ഉപകരണ ഗവേഷണ രംഗത്ത് നിരവധി പുതിയ ഉദ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻ്റ് ടെക്നോളജി. കേന്ദ്ര സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് തദ്ദേശീയമായി കൃത്രിമ- പുന:രധിവാസ ഉപകരണങ്ങള്‍ വികസപ്പിക്കുന്നതിനും ഈ മേഖലയിലെ ഗവേഷണത്തിനുമായി ശ്രീചിത്ര ടൈനോര്‍ ഓര്‍ത്തോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി (ടൈനോര്‍) ധാരണാപത്രം ഒപ്പിട്ടു.
അസ്ഥിരോഗ ചികിത്സകള്‍ക്കും പൊട്ടലുകള്‍ ഭേദപ്പെടുത്തുന്നതിനും ആവശ്യമായ ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് പഞ്ചാബിലെ മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈനോര്‍ ഓര്‍ത്തോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്. കൃത്രിമ- പുന:രധിവാസ ഉപകരണങ്ങളുടെ ഗവേഷണത്തിലും വികസനത്തിലും ടൈനോര്‍ ശ്രീചിത്രയുമായി സഹകരിക്കും. പ്രമേഹ രോഗികളിലെ പാദങ്ങളിലെ മുറിവുകള്‍, കാല്‍മുട്ടുകളുടെ തേയ്മാനം (Osteoarthritis) എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായി ടൈനോര്‍ ശ്രീചിത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഗവേഷണ പദ്ധതിക്ക് ടൈനോര്‍ 27 ലക്ഷം രൂപ ലഭ്യമാക്കും.
കാല്‍മുട്ട് തേയ്മാനം, പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന പാദങ്ങളിലെ മുറിവുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ടൈനോറുമായുള്ള സഹകരണത്തിൻ്റെ പ്രധാന ലക്ഷ്യം.
വൃദ്ധജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതോടെ ഏഷ്യ പസഫിക് മേഖലയില്‍ പ്രമേഹ രോഗികളിലെ പാദങ്ങളിലെ മുറിവുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിപണി വന്‍തോതില്‍ വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമേഹം രോഗികളുടെ പാദങ്ങളിലുണ്ടാകുന്ന മുറിവുകള്‍, കിടപ്പുരോഗികളില്‍ കണ്ടുവരുന്ന മുറിവുകള്‍ (Pressure Ulcer) എന്നിവയുടെ ആഗോള ചികിത്സാ വിപണി 2025-ഓടെ 5265 ദശലക്ഷം ഡോളറില്‍ എത്തുമെന്ന് വിലയിരുത്തപ്പെടുന്നു. 2019-2025 കാലയളവില്‍ ഈ മേഖലയിലെ പ്രതിവര്‍ഷ വളര്‍ച്ച 6.6 ശതമാനമായിരിക്കും. കാല്‍മുട്ടുകളുടെ തേയ്മാനം, കാല്‍മുട്ട് ശസ്ത്രക്രിയ, കായിക താരങ്ങള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ എന്നിവയിലെ വര്‍ദ്ധനവ് മൂലം ആഗോള നീ ബ്രെയ്സസ് (Knee Braces) വിപണിയും സമാനമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. 2018-ല്‍ ആഗോള നീ ബ്രെയ്സസ് വിപണിയുടെ മൂല്യം 1.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. ഇത് പ്രതിവര്‍ഷം 4.3 ശതമാനം വളര്‍ച്ച നേടും. കാല്‍മുട്ട് തേയ്മാനം മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, താരതമ്യേന വില കുറഞ്ഞതും അനായാസം ധരിക്കാന്‍ കഴിയുന്നതുമായ നീ ബ്രെയ്സസ് സാങ്കേതിക വിദ്യ എന്നിവ വിപണിയുടെ വളര്‍ച്ച വേഗത്തിലാക്കും.
രാജ്യത്തെ ഓര്‍ത്തോട്ടിക് സാങ്കേതികവിദ്യാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീചിത്രയും ടൈനോറും തമ്മിലുള്ള സഹകരണത്തിന് കഴിയും. ശ്രീചിത്രയുടെ വിഷന്‍ 2030-യുടെ ഭാഗമായി ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ ശ്രീ. സുഭാഷ് എന്‍എന്‍, ശ്രീ. മുരളീധരന് സി വി, ഡോ. ഹരികൃഷ്ണ വര്‍മ്മ (ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം മേധാവി) ഡോക്ടര്‍മാരായ നിത ജെ, സുബിന് സുകേശന് എന്നിവരുടെ നേതൃത്വത്തിലാണ് കൃത്രിമ-പുന:രധിവാസ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഇവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും.