ഫോട്ടോ മോർഫിങ്ങല്ല; ചിത്രമെടുത്തത് ദുബായ് ഹോട്ടലിൽ: സ്വപ്ന

ഫോട്ടോ മോർഫിങ്ങല്ല; ചിത്രമെടുത്തത് ദുബായ് ഹോട്ടലിൽ: സ്വപ്ന

കൊച്ചി : ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നും,   ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നും,  നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്ന സുരേഷിൻ്റെ ഈ വെളിപ്പെടുത്തൽ. രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ആരോപണം തള്ളുന്നതാണു സ്വപ്നയുടെ ഈ മൊഴി.

ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ആരാഞ്ഞു. ഇതിൽ മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നൽകി. കമ്മിഷൻ ഇടപാടിൽ ബന്ധമില്ലെന്ന മുൻനിലപാടിൽ ശിവശങ്കറും ഉറച്ചു നിന്നു.