തേമ്പാംമൂട് കൊലപാതകം;കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം

തേമ്പാംമൂട് കൊലപാതകം;കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം

തിരുവനന്തപുരത്ത് സി.പി.എം-കോൺഗ്രസ് സംഘർഷം. തേമ്പാംമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കന്യാകുളങ്ങരയിലെ കോൺഗ്രസ് ഓഫീസ് ഇന്നലെ ഡി.വൈ.എഫ്.ഐ കല്ലെറിഞ്ഞു തകർത്തു. കൊല്ലപ്പെട്ട. മിഥിലാജിൻറെ മൃതദേഹവുമായി പ്രവർത്തകർ വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഓഫീസ് ആക്രമിച്ച സംഘം ഓഫീസ് കത്തിക്കുകയും ചെയ്തു.

കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. വട്ടിയൂർക്കാവിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു കോഴിക്കോട് നാദാപുരത്തും കോൺഗ്രസ് ഓഫീസിന് നേരെ ബോംബ് ആക്രമണം. കല്ലാച്ചി കോർട്ട് റോഡിലെ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിന്‍റെ ജനലുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.