റീബ്രാൻ്റിംഗിലൂടെ 'വീ' ആകുന്നു , ജിയോയുമായി പുതിയ അങ്കത്തിന് കച്ചമുറുക്കി വൊഡഫോണ്‍ ഐഡിയ

റീബ്രാൻ്റിംഗിലൂടെ 'വീ' ആകുന്നു ,  ജിയോയുമായി  പുതിയ അങ്കത്തിന് കച്ചമുറുക്കി വൊഡഫോണ്‍ ഐഡിയ

ടെലികോം ലോകത്ത് ജിയോയുമായി  പുതിയ അങ്കത്തിന് കച്ചമുറുക്കുകയാണ് വൊഡഫോണ്‍ ഐഡിയ. കടബാധ്യത തീര്‍ത്ത് വിപണി നേടാനുള്ള ശ്രമത്തിലാണ് കമ്പനി.

വൊഡഫോണ്‍ ഐഡിയ എന്ന പേര് മാറ്റി പകരം വീ (Vi) എന്ന് പേരിലായിരിക്കും  വിപണിയില്‍ ഇനിമുതൽ അറിയപ്പെടുക.. 'പുതിയ തുടക്കത്തിന് സമയമാണിത്. വൊഡഫോണ്‍ ഇന്ത്യ, ഐഡിയ കമ്പനികളുടെ ബിസിനസ് പൂര്‍ണമായി സംയോജിച്ചു കഴിഞ്ഞു. ഇനി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ വരും. ലോകത്തെ ഏറ്റവും വലിയ ടെലികോം ലയനമാണിത്', കമ്പനിയുടെ പേരുമാറ്റം അറിയിച്ചുകൊണ്ട് സിഇഓ രവീന്ദര്‍ താക്കര്‍ പറഞ്ഞു.

റിലയന്‍സ് ജിയോയുടെ വരവ് കമ്പനിയെ സാരമായി ബാധിച്ചിരുന്നു. ടെലികോം വിപണി കണ്ട ഏറ്റവും വലിയ ലയനമായിരുന്നു രണ്ടു വര്‍ഷം മുമ്പ് വൊഡഫോണും ഐഡിയയും തമ്മില്‍ നടത്തിയത്. ഇതുവഴി എതിരാളികളെ പിന്നിലാക്കാമെന്ന് വൊഡഫോണ്‍ ഐഡിയ കണക്കുകൂട്ടി. പക്ഷെ, തകര്‍ച്ചയില്‍ നിന്നും കൂടുതല്‍ തകര്‍ച്ചയിലേക്ക് കമ്പനി കുപ്പ് കുത്തി. ഒരുകാലത്തു രാജ്യത്തെ ടെലികോം വിപണി അടക്കിവാണ ഐഡിയയും വൊഡഫോണും ഒത്തുപിടിച്ചിട്ടും റിലയന്‍സ് ജിയോയെ തൊടാനായില്ല.

എന്തായാലും 25,000 കോടി രൂപയുടെ ധനസമാഹരണത്തിന്  വൊഡഫോണ്‍ ഐഡിയ ബോര്‍ഡ് സെപ്തംബര്‍ നാലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.കമ്പനിയുടെ തിരിച്ചുവരവിന് ഈ ചുവടുവെയ്പ്പ് നിര്‍ണായകമാവും. ബ്രാന്‍ഡ് ഏകീകരിക്കുക വഴി ഡിജിറ്റല്‍ ലോകത്ത് ശക്തമായി നിലയുറപ്പിക്കാന്‍ കഴിയുമെന്നാണ് വൊഡഫോണ്‍ ഇന്ത്യയുടെ പ്രതീക്ഷ.