ടെൽഅവീവ്: പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി ക്യാബിനറ്റ്. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്. ‘ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അംഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന’ ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.
ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിൻ്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അംഗീകാരം നൽകിയിരുന്നു.
കരാർ പ്രകാരം ആദ്യത്തെ ആറാഴ്ചത്തെ വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിൽ വരിക. ഈ കാലയളവിൽ ഹമാസ് ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും. ഇതിന് പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാരെ ഇസ്രയേൽ ഭരണകൂടവും വിട്ടയയ്ക്കും.
ഞായറാഴ്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും മധ്യസ്ഥം വഹിച്ച ബ്രെറ്റ് മക്ഗുർക്കിനെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്. ഞായറാഴ്ച രാവിലെ മൂന്ന് വനിതാ ബന്ദികളെ റെഡ്ക്രോസ് വഴി ഇസ്രയേലിന് കൈമാറുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് മക്ഗുർക്ക് പ്രതികരിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് ബന്ദികളെ മോചിപ്പിച്ച് ഏഴാം ദിവസം നാല് വനിതാ ബന്ദികളെ കൂടി ഹമാസ് വിട്ടയയ്ക്കുമെന്നാണ് നിലവിലെ ധാരണയെന്നും മക്ഗുർക്കിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അതിന് ശേഷം ഓരോ ഏഴ് ദിവസം കൂടുമ്പോഴും കൂടുതൽ തടവുകാരെ വീതം വിട്ടയയ്ക്കും. ഇസ്രയേലിൻ്റെ നിയമകാര്യ മന്ത്രാലയം വിട്ടയയ്ക്കുന്ന 95 പാലസ്തീൻ തടവുകാരുടെ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.