കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിയുടെ കുടുംബം നൽകിയ റാഗിങ് പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഈ മാസം 15നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായിരുന്നു മിഹിർ. സ്കൂളിൽ മകൻ അതിക്രൂരമായ റാഗിങ്ങിന് ഇരയായി എന്ന് വ്യക്തമാക്കി അമ്മ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
കുട്ടി സ്‌കൂള്‍ ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിവച്ച് ഫ്ലഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റില്‍ ബലംപ്രയോഗിച്ച് നക്കിച്ചതായും അമ്മയുടെ പരാതിൽ ചൂണ്ടിക്കാട്ടിയിരുന്നു.