Sunday, April 21, 2024
HomeNewsNationalഇന്ത്യയിൽ 9 വർഷത്തിനിടെ ദരിദ്രരുടെ എണ്ണം കുറഞ്ഞു, മുമ്പിൽ യുപി: റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ 9 വർഷത്തിനിടെ ദരിദ്രരുടെ എണ്ണം കുറഞ്ഞു, മുമ്പിൽ യുപി: റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയതായി നിതി ആയോഗ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂള്‍ ഹാജര്‍നില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തല്‍.

നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ബഹുതലദാരിദ്ര്യം 2013-14-ലെ 29.17 ശതമാനത്തില്‍ നിന്ന് 2022-23-ല്‍ 11.28 ശതമാനമായി കുറഞ്ഞു. ഇക്കാലയളവിൽ 17.89 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുക്തി രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യനിരക്ക് 42.59 ശതമാനത്തില്‍ നിന്നും 17.40 ശതമാനമായാണ് കുറഞ്ഞത്. 5.94 കോടിപേരാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യമുക്തി നേടിയത്. 3.77 കോടി ദാരിദ്ര്യമുക്തരുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. കണക്കുപ്രകാരം മൂന്നാമതെത്തിയ മധ്യപ്രദേശില്‍ 2.30 കോടിപേരാണ് ദാരിദ്ര്യമുക്തി നേടിയത്.

ദരിദ്രസംസ്ഥാനങ്ങളാണ് ദാരിദ്ര്യമുക്തി നേടിയവയില്‍ ഭൂരിഭാഗമെന്നും ഇത് ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കുറഞ്ഞതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ മറ്റു കാലഘട്ടങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാര്‍ഷികമേഖല പുരോഗതി കൈവരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒമ്പതുവര്‍ഷം മുമ്പ് 1.24 ശതമാനമായിരുന്ന കേരളത്തിന്റെ ദാരിദ്ര്യ സൂചിക 2023-ല്‍ 0.48 ശതമാനമായി കുറഞ്ഞു. 2.72 ലക്ഷം പേരാണ് കേരളത്തില്‍ ദാരിദ്ര്യമുക്തി നേടിയത്.

“നീതി ആയോഗ് റിപ്പോർട്ട് ഇന്ത്യക്കാരുടെ പുരോഗതിക്കായി തുടർന്ന് പ്രവർത്തിക്കാൻ ഏറെ പ്രോത്സാഹനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇത് ഏറെ ഊര്‍ജം പകരുന്നതാണ്. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയും സമ്പദ്ഘടനുടെ പുരോഗതിയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. ഓരോ ഇന്ത്യക്കാരനും സുഭിക്ഷമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി ഇനിയും പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments