കൊച്ചി: കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിന്. ബദേസ് ലോട്ടറിയടിച്ച വിവരമറിഞ്ഞ് പരിഭ്രാന്തനായി ഓടി കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലും. സംഭവം വിശദീകരിച്ച് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
“സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചതിന്‍റെ ഞെട്ടലിലാണ് ഇതര സംസ്ഥാന തൊഴിലാളി. ഓടി വന്നതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. കൊൽക്കത്ത സ്വദേശിയായ എസ്.കെ ബദേസാണ് ലോട്ടറിയടിച്ച പരിഭ്രാന്തിയിൽ പൊലീസിന്‍റെ സഹായം തേടി സ്റ്റേഷനിലേക്ക് വന്നത്. ഒന്നാം സമ്മാനം ലഭിച്ച കാര്യം അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ബദേസ് നേരെ പൊലീസ് സ്റ്റേഷനിൽ പോയി പൊലീസ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു.
ആരെങ്കിലും തന്റെ കയ്യിലുള്ള ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കുമോ എന്ന പേടിയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ച് കൃത്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്”. കേരളാ പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.