ആരോഗ്യകരമായ ഒരു ജീവിതത്തില്‍ പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. ഇതില്‍ തന്നെ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജം ലഭിക്കാനും ചയാപചയ സംവിധാനത്തെ ക്രമപ്പെടുത്താനുമൊക്കെ പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പ്രഭാതഭക്ഷണം കഴിച്ചതു കൊണ്ട് മാത്രമായില്ല, അത് പോഷണങ്ങള്‍ അടങ്ങിയതാണെന്ന് ഉറപ്പാക്കുകയും വേണം.
എന്നാല്‍ ചില തരം ഭക്ഷണങ്ങള്‍ അവയിലെ അമിതമായ കൊഴുപ്പ് കൊണ്ടും മധുരം കൊണ്ടുമൊക്കെ പ്രഭാതഭക്ഷണത്തിന് തീരെ അനുയോജ്യമാകില്ല. അത്തരം ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷ്യന്മാര്‍.
1. ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍

കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെ പലതരം ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കുറച്ച് പാല്‍ തിളപ്പിച്ച് അതിലേക്ക് ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്നതിനാല്‍ രാവിലെ തിരക്കിട്ട് ഓഫീസിലേക്കും മറ്റും ഓടുന്നവര്‍ക്കും ഇത് അനുയോജ്യമായിരിക്കാം. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ഇത് പ്രഭാതഭക്ഷണത്തിന് യോജിച്ചതല്ലാതെയാക്കുന്നു.
2. സോസേജുകള്‍

നമുക്ക് അത്ര പരിചിതമല്ലെങ്കിലും പാശ്ചാത്യ നാടുകളിലെ ക്ലാസിക് പ്രഭാതഭക്ഷണത്തില്‍ സോസേജുകള്‍ പലപ്പോഴും ഇടം പിടിച്ചിട്ടുണ്ടാകും. എന്നാല്‍ ഉയര്‍ന്ന സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും അടങ്ങിയ സോസേജുകള്‍ പ്രഭാത ഭക്ഷണത്തിന് അനുയോജ്യമല്ല.
3. മഫിനുകള്‍

ചില ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊക്കെ ബുഫെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പലതരം രുചികളിലെ മഫിനുകള്‍ വിളമ്പാറുണ്ട്. എന്നാല്‍ കാലറിയും പഞ്ചസാരയും അധികം അടങ്ങിയിരിക്കുന്നതിനാല്‍ ഇതും നല്ലൊരു പ്രഭാതഭക്ഷണമായി കണക്കാക്കാന്‍ സാധിക്കില്ല.
4. ജ്യൂസുകള്‍

പഞ്ചസാര വീണ്ടും ചേര്‍ക്കാതെ വീട്ടില്‍ തയാറാക്കുന്ന ജ്യൂസ് കുഴപ്പമില്ലെങ്കിലും പായ്ക്ക് ചെയ്ത പലതരം ജ്യൂസുകള്‍ ഒഴിവാക്കേണ്ടതാണ്. ഇവയില്‍ പോഷണം കുറവാണെന്നത് മാത്രമല്ല കാലറിയും അധികമാണ്. പ്രമേഹരോഗികളെ സംബന്ധിച്ച് ഇത് അപകടകരവുമാണ്. പഴങ്ങള്‍ ജ്യൂസ് അടിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
5. വാഫിള്‍

വാഫിളുകള്‍ക്ക് മുകളിലേക്ക് പഴങ്ങളോ ഉണക്ക പഴങ്ങളോ തേനോ ഒക്കെ ചേര്‍ത്തെന്ന് പറഞ്ഞാലും ഇത് പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ ഒരു വിഭവമല്ല.
6. ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ട്

പ്രോബയോട്ടിക് ഭക്ഷണമായ യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലതരം ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ടില്‍ കൂടുതലും മധുരമാണെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്.
7. ബേക്കണ്‍

ബേക്കണില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം. ഇതിനാല്‍ ഇതും പ്രഭാതഭക്ഷണത്തിന് അനുയോജ്യമല്ല.
8. ഗ്രനോള

നട്‌സും ബെറി പഴങ്ങളുമൊക്കെയുള്ള ഗ്രനോള മികച്ചൊരു പ്രഭാത ഭക്ഷണമായിട്ടാണ് പലരും കരുതുന്നത്. എന്നാല്‍ ഇതും ചോക്ലേറ്റ് തിന്നുന്ന പ്രതീതി മാത്രമേ പ്രഭാതഭക്ഷണമായി കഴിക്കുമ്പോള്‍ ഉണ്ടാക്കുകയുള്ളൂ. അത്ര മികച്ച പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പല്ല ഗ്രനോള.