പാലക്കാട്: ജനങ്ങളെ ആശങ്കയിലാക്കി പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നീ ജനവാസമേഖലയിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ആന ക്വാറിയുടെ മതിൽ തകർത്തു. പെരുന്തുരുത്തി കളത്തിൽ വേലായുധന്‍റെ കൃഷിയിടത്തിലെ മരങ്ങളും നശിപ്പിച്ചു.
ഇതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്‍റെ 450 വാഴകളും തെങ്ങുകളും കപ്പയുമാണ് ഇന്നലെ രാത്രി കാട്ടാനകൾ നശിപ്പിച്ചത്.
പി.ടി 7നെ പിടികൂടിയിട്ടും ആന ശല്യത്തിന് കുറവില്ല. ധോണിയിലെ ജനവാസമേഖലയിൽ ആനക്കൂട്ടം സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം പ്രദേശത്ത് കയറി കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.