മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മാലിന്യങ്ങൾ, വിഷവസ്തുക്കൾ എന്നിവയെ നീക്കം ചെയ്ത് ദഹനത്തെയും മറ്റും സുഗമമാക്കുന്ന കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ ഏതെല്ലാമാണെന്ന് പങ്കുവെക്കുകയാണ് ആരോഗ്യവിദഗ്ധർ.
മികച്ചൊരു ആന്റിഓക്സിഡന്റായ ബീറ്റ്റൂട്ട് ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. നൈട്രേറ്റുകളാൽ സമ്പന്നമായ ഇവ കരളിന് സംരക്ഷണ കവചം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളമായി സൾഫർ അടങ്ങിയ ബ്രോക്കോളി വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പോഷകാഹാര വിദഗ്ധർ എടുത്തു പറയുന്നു. ഫൈബർ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ട്രോബെറി, ബ്ലാക്ക് ബെറി, റാസ്ബെറി, തുടങ്ങിയവക്ക് അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിവുണ്ട്.
നാരുകൾ വേണ്ടുവോളം ഉള്ള ആപ്പിൾ, പോളിഫെനോൾസ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ മുന്തിരി, വാൾനട്സ്, അണ്ടിപരിപ്പ്, ബദാം എന്നിവയും കരളിന്റെ ആരോഗ്യത്തിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവക്കെല്ലാം പുറമേ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിച്ച് ചിട്ടയായ വ്യായാമം ശീലമാക്കേണ്ടതും അനിവാര്യമാണ്.