സോന്‍ഭാദ്ര: ഭോജ്പുരി ചലച്ചിത്ര സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പലതവണ വിളിച്ചിട്ടും മുറിയില്‍ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോള്‍ വിവരമറിയിച്ചെത്തിയ പോലീസ് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ മുറി ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് സുഭാഷ് ചന്ദ്രയെ മരിച്ചനിലയില്‍ കണ്ടത്. എസ്.പി യശ് വീര്‍ സിംഗ് അറിയിച്ചതാണ് ഇക്കാര്യം. സംവിധായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടരന്വേഷണം നടക്കുകയെന്നും എസ്.പി അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയാണ് സുഭാഷ് ചന്ദ്ര തിവാരി. ഇദ്ദേഹത്തിന്റെ സംസ്‌കാരത്തേക്കുറിച്ചും മരണകാരണത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇനിയും വരാനിരിക്കുകയാണ്. പ്രശസ്ത ടെലിവിഷന്‍ താരമായ നിതീഷ് പാണ്ഡേയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സുഭാഷ് ചന്ദ്രയുടെ മരണവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.