ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല: പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി തള്ളി.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല: പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. 

എന്നാല്‍ ഈ വാദങ്ങളെല്ലാം വിചാരണ കോടതി നിരാകരിക്കുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയതെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. 

പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി തള്ളിയതോടെ പ്രോസിക്യൂഷന് ഇനി ഹൈക്കോടതിയെ സമീപിക്കാം.