തൃശൂർ: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷാ നടപടിയെന്ന് സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാർ. അജിത് കുമാറിനെതിരായ നടപടി വൈകിയിട്ടില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘പാർട്ടി അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നടപടി വെെകിയോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഉത്തരവ് ഞാൻ കണ്ടിട്ടില്ല. എഡിജിപി അജിത് കുമാർ കേരളത്തിൻ്റെ പോലീസ് ഡിപ്പാർട്മെൻ്റിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള, ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. എഡിജിപി തസ്തിക എല്ലാവർക്കും ഒന്നുതന്നെയാണ്. എന്നാൽ ചുമതല എന്നാൽ പ്രധാനപ്പെട്ടതാണ്. ആ ചുമതലയിൽ നിന്ന് താഴെയുള്ള ചുമതലയിലേയ്ക്ക് മാറ്റി എന്ന് പറഞ്ഞാൽ അതൊരു ശിക്ഷാ നടപടിയായി തന്നെ കാണേണ്ടി വരും. ആ രീതിയിലാണ് സിപിഐ അതിനെ സമീപിക്കുന്നത്. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ട് തന്നെയാണ് നടപടി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളുമായി പലഘട്ടത്തിൽ നിരന്തരമായി കൂടിക്കാഴ്ച നടത്തുന്നത് എൽ.ഡി.എഫ് സർക്കാരിന് ഭൂഷണമല്ല എന്ന സിപിഐ നിലപാട് കൂടി പരിഗണിച്ച് തന്നെയാണ് എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.