മോദിയെ പുകഴ്ത്തി അമിത് ഷാ: പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെ പരിഹസിച്ച് വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ.

മോദിയെ പുകഴ്ത്തി അമിത് ഷാ: പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെ പരിഹസിച്ച് വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയായിരുന്നു മാര്‍ട്ടിനയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകകളടങ്ങിയ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിന അതിനെ തമാശയെന്ന് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയേപ്പോലുള്ള ഒരു മികച്ച ശ്രോതാവിനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം എല്ലാവരുടേയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെ ന്നും അമിത് ഷാ പറഞ്ഞിരുന്നു. ആര് നല്‍കിയ നിര്‍ദ്ദേശമെന്ന് നോക്കാറില്ല മറിച്ച് നിര്‍ദ്ദേശം മാത്രമേ ശ്രദ്ധിക്കാറുള്ളുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി മാറ്റിയതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു. 

ഇതിനെ 'അടുത്ത തമാശ'യെന്ന് മാര്‍ട്ടിന ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ  പശ്ചാത്തലത്തില്‍ സന്‍സാദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. വളരെ രൂക്ഷമായ പ്രതികരണമാണ് തീവ്രവലതുപക്ഷാനുഭാവികള്‍ മാര്‍ട്ടിനയുടെ ട്വീറ്റിന് നല്‍കുന്നത്. രാജ്യത്തിന്റെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പബ്‌ളിസിറ്റി പരിപാടിയാണ് ട്വീറ്റെന്നുമാണ് പ്രതികരണങ്ങളില്‍ ഏറെയും. സ്ത്രീകളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മര്‍ട്ടിന അടുത്തിടെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.