ന്യൂയോർക്ക്: കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ അൻമോൾ നിലവിൽ പോട്ടവട്ടാമി കൗണ്ടി ജയിലിലാണ്. ഇയാളെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നീക്കവുമായി മുംബൈ പോലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.
യു.എസിലേക്കുള്ള അൻമോലിന്റെ അനധികൃത പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ അധികാരികൾ യു.എസിന് കൈമാറിയതായി വിവരമുണ്ട്. എന്നാൽ, കീഴടങ്ങൽ അഭയം തേടാനുള്ള അൻമോലിന്റെ തന്ത്രപരമായ നീക്കമായിരുന്നുവെന്നും സൂചനയുണ്ട്. തടവിലാകുന്നതിന് മുമ്പ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് മുഖേന അൻമോൽ അഭയം തേടി അപേക്ഷ സമർപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, അൻമോലിനെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി.
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ അധികൃതർ അന്വേഷിക്കുന്ന വ്യക്തിയാണ് അൻമോൽ. കൂടാതെ, ബാബ സിദ്ദിഖി വധക്കേസിലും നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.