കൊച്ചി: ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു.
ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.