തിയേറ്റർ തുറന്നാലും ബിഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഉടൻ റിലീസ് ചെയ്യില്ല; ആന്റണി പെരുമ്പാവൂർ

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം.

തിയേറ്റർ തുറന്നാലും ബിഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഉടൻ റിലീസ് ചെയ്യില്ല; ആന്റണി പെരുമ്പാവൂർ

കൊച്ചി: തിയേറ്ററുകൾ തുറന്നാലും 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഉടന്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. 50 ശതമാനം സീറ്റുകള്‍ അനുവദിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രദര്‍ശനരീതി നഷ്ടമുണ്ടാക്കും എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനിച്ചതെന്ന് ആന്റണി പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാറിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു.

600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രമാണ് മരക്കാര്‍. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങളെന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ', എന്നും അദ്ദേഹം പറഞ്ഞിരുന്നു. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും', എന്ന് പ്രിയദര്‍ശനും പറഞ്ഞിരുന്നു.

കൊവിഡ് പ്രതിസന്ധിയും തിയേറ്റര്‍ അടച്ചു പൂട്ടലും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു വര്‍ഷം മുന്‍പേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയാണ് 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം'. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെടുന്നുണ്ട്.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.