back to top
Saturday, March 15, 2025
Google search engine
HomeLatest Newsഅൻവറിന് ജാമ്യം:85000 രൂപ കെട്ടി വെക്കണം; എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

അൻവറിന് ജാമ്യം:85000 രൂപ കെട്ടി വെക്കണം; എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

നിലമ്പൂർ: ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ജാമ്യത്തിന് 50000 രൂപ കെട്ടിവെക്കണം, പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപ വേറെയും കെട്ടിവെക്കണം. എന്നിവയാണ് നിബന്ധനകൾ.

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് പി.വി. അൻവർ എം.എൽ.എയെ രാത്രി അറസ്റ്റ് ചെയ്തത്. നൂറു​കണക്കിന് പൊലീസുകാർ വീട് വളഞ്ഞ് രാത്രി 9.45ഓടെയാണ് നിലമ്പൂർ ഡിവൈ.എസ്.പി ബാലചന്ദ്രൻ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലായിരുന്നു ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. ജാമ്യം ലഭിച്ചതോടെ ഉടൻ മോചിതനായേക്കും.

രാത്രി 8.30ഓടെ ഉയർന്ന പൊലീസ് ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ അൻവറിന്‍റെ ഒതായിയിലെ വീട് വളയുകയായിരുന്നു. എം.എൽ.എയെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത പരന്നതോടെ നാട്ടുകാരും ഡി.എം.കെ പ്രവർത്തകരും വീടിന്‍റെ പരിസരങ്ങളിൽ തമ്പടിച്ചു. ഇതോടെ പൊലീസ് അറസ്റ്റ് നീട്ടികൊണ്ടുപോയി. രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അൻവർ ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു.

കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടയുകയും മൂന്ന് ഡി.എം.കെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments