വിടവാങ്ങിയത് കാൽപന്തിലൂടെ കവിതയെഴുതിയ മാന്ത്രികൻ, വിശുദ്ധനായ തെമ്മാടിയുടെ ഓർമ്മയിൽ വിതുമ്പി ആരാധകർ, പ്രിയ ഡീഗോ.................  നിങ്ങൾക്ക് മരണമില്ല

വിടവാങ്ങിയത് കാൽപന്തിലൂടെ കവിതയെഴുതിയ മാന്ത്രികൻ, വിശുദ്ധനായ തെമ്മാടിയുടെ ഓർമ്മയിൽ വിതുമ്പി ആരാധകർ, പ്രിയ ഡീഗോ.................  നിങ്ങൾക്ക് മരണമില്ല

വിശപ്പടക്കാൻ  ഭക്ഷണപ്പൊതി സമ്മാനമായി ലഭിക്കുമെന്നോർത്ത് കൈനീട്ടിയ മൂന്നുവയസുകാരന് കിട്ടിയതാകട്ടെ ഒരു പന്ത്. പാതിവിശന്ന വയറുമായി അർജന്റീനയിലെ ചേരിയിൽ നഗ്നപാദനായി പന്തുതട്ടിയ അവൻ വളർന്ന് കയറിയത് ലോകഫുട്ബോളിന്റെ നെറുകയിലേക്കായിരുന്നു.കളിക്കളത്തിലെ ആരവങ്ങളിലൂടെ കളത്തിനുപുറത്തെ ആവേശങ്ങളിലൂടെ ഒരേ സമയം ദൈവവും ചെകുത്താനുമായി മാറിയ ഉന്മാദിയായ പ്രതിഭ. അറുപതാം വയസിൽ ഓർമ്മയാകുമ്പോഴും ആരാധകരുടെ മനസിൽ ജീവിച്ചിരിക്കുന്നു ഡീഗോ മറഡോണയെന്ന ആ ദൈവം.


അർജന്റീനയിലെ ലാനസിൽ 1960 ഒക്ടോബർ 30 നാണ് മറഡോണ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് തനിക്കു സമ്മാനമായി ലഭിച്ച പന്തിൽ നിന്നാണ് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ഫുഡ്ബോൾ സ്വപ്നങ്ങളിലേക്ക് മറഡോണയെ നയിച്ചത്. പിന്നീട് പ്രാദേശിക തലത്തിൽ ലിറ്റിൽഒനിയൻ ടീമിൽ അംഗമായി. 16ാം വയസിൽ 1977 ഫെബ്രുവരി 27 നു ഹംഗറിക്കെതിരായ മത്സരത്തോടെ മറഡോണ രാജ്യാന്തര മത്സരത്തിൽ തുടക്കമിട്ടു.

കൂട്ടത്തിൽ കുറിയവൻ പക്ഷെ മിഡ്ഫീൽഡിലെ കരുത്തുറ്റ താരമായി വളർന്നു. പച്ചപ്പുൽ മൈതാനങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ഡാഗോ കാൽപന്തിലൂടെ കവിതയെഴുതി. 79ൽ ആറ് ഗോളുമായി യൂത്ത് ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കി. നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണയെന്നാണ് ചരിത്രം പോലും അടയാളപ്പെടുത്തിയത്. 


ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് പെലെ രാജാവായിരുന്നെങ്കിൽമറഡോണ  ദൈവമായിരുന്നു . ലോകത്തെ എക്കാലത്തെയും ജനപ്രിയ ഫുട്ബോൾ താരം, 1986 ലോകകപ്പിലെ മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് മറഡോണയും പ്രസിദ്ധവും കുപ്രസിദ്ധവുമായ ഗോളുകളുടെ പിറവി.

 


കളിയുടെ രണ്ടാം പകുതിയിൽ ആറു മിനിറ്റു കഴിഞ്ഞ സമയത്തായിരുന്നു ദൈവത്തിന്റെ കൈ എന്ന പേരിൽ വിഖ്യാദവും വിവാദവുമായ ഗോൾ പിറന്നത്. ഇംഗ്ലണ്ടിന്റെ ഗോൾ മുഖത്തെത്തിയ പന്ത് തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോൾ കീപ്പർ പീറ്റർ ഷിൽട്ടനൊപ്പമെത്തിയ പന്ത് മറഡോണയുടെ ഇടംകൈ തട്ടി ഗോളായി മാറി. ഇംഗ്ലീഷ് പട ഹാൻഡ് ബോളെന്നലറിയെങ്കിലും റഫറിയുടെ തീരുമാനത്തിൽ ഗോൾ അനുവദിച്ചു.  അതേ കളിയിൽ നാലുമിറിറ്റുകൾക്കു ശേഷം അതിമനോഹരമായൊരു ഗോളിലൂടെ താരം ആദ്യ ഗോളിലെ പാപക്കറ കഴുകിക്കളഞ്ഞു.

സ്വന്തം ഹാഫിൽ നിന്നാരംഭിച്ച  ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തിയായിരുന്ന കാണികളെ കോരിത്തരിപ്പിച്ച ആ ചരിത്ര ഗോൾ. അതിലൂടെ അർജന്റീന സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും കുതിച്ചു.1982, 1986, 1990,1994 ലോകകപ്പുകളിൽ കളിച്ച മറഡോണ അർജന്റീനയ്ക്കായി ജേഴ്സിയണിഞ്ഞത് 91 രാജ്യാന്തര മൽസരങ്ങളിൽ. കളിച്ച എല്ലാ മത്സരങ്ങളിലും ഒരു നർത്തകന്റെ മെയ് വഴക്കത്തോടെ അയാൾ കളിക്കളത്തിൽ നിറഞ്ഞാടി.  ഗോളുകളിൽ മാത്രമല്ല മൈതാനം കയ്യടക്കി സഹതാരങ്ങൾക്ക് അവസരങ്ങളൊരുക്കുന്നതിലും ഡീഗോ മാന്ത്രികനായിരുന്നു. ആ മാന്ത്രികതയായിരിക്കണം വെള്ളയും ഇളം നീലയും കലർന്ന പത്താം നമ്പർ ജേഴ്സിയിലൂടെ കാൽപന്തിനെ പ്രണയിക്കാൻ ലോകത്തെ പ്രേരിപ്പിച്ചത്. 


1979ലും 1980ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.നൂറ്റാണ്ടിന്റെ പ്രതിഭയായി പെലെയെ ഫിഫ പ്രഖ്യാപിച്ചപ്പോൾ വോട്ടിംഗിലൂടെ ജനങ്ങൾ തെരഞ്ഞടുത്തത് മറഡോണയെയായിരുന്നു. അതിനു മുൻപും ശേഷവും തേടിവന്ന പുരസ്കാരങ്ങൾ എണ്ണിയാൽ തീരുന്നതല്ല. റെക്കോർഡ് തുകയിൽ മറഡോണയെ കൈക്കലാക്കാൻ ക്ലബ്ബുകൾ മത്സരിച്ചു. 

മൈതാനത്തിന് പുറത്തും ഡീഗോ ഉന്മാദിയായിരുന്നു.ഒറ്റയ്ക്ക് ഒരു രാജ്യമായി മതമായി വളർന്നു. കാൽപന്തിനൊപ്പം കലാപങ്ങളുടേയും വിവാദങ്ങളുടേയും, ലഹരിയുടേയും തോഴനായി.തന്റെ വിവാദ വിഖ്യാദ ഗോളിനെക്കുറിച്ചുള്ള ഏറ്റുപറച്ചിലും മറ്റു പ്രസ്താവനകളുമെല്ലാം പലരേയും മുറിവേൽപ്പിച്ചു. അതൊന്നും സ്വന്തം നിലപാടികളിൽ നിന്ന് സ്വാതന്ത്ര്യത്തിൽ നിന്ന് ഡീഗോയെ പിന്തിരിപ്പിച്ചില്ല.   

എന്നാൽ വ്യക്തിജീവിതത്തിൽ മറഡോണ തിരിച്ചടികൾ സ്വയം വരുത്തിവച്ചു.1991 ൽ കൊക്കെയ്ൻ ഉപയോഗത്തിന് സസ്പെൻഷൻ വാങ്ങി.മൂന്നു വർഷത്തിനു ശേഷം അമേരിക്കൻ ലോകകപ്പിലും ലഹരി ഉപയോഗത്തിന് പുറത്താക്കപ്പെട്ടു.ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതൽ ചികിൽസയിലായിരുന്നു. ലഹരി ഉപയോഗത്തിന്  ജയലിലടക്കപ്പെട്ടിട്ടും വഴക്കമുള്ള ശരീരം നഷ്ടമായിവേച്ചു നീങ്ങിയിട്ടും ആരാധകർ  ആ ഉന്മാദിയായ പ്രതിഭയെ ഹൃദയത്തിൽ സൂക്ഷിച്ചു. 1997 ൽ ഫുഡ്ബോൾ അവസാനിപ്പിക്കുന്നതായി  ഇടയ്ക്ക് പരിശീലകനായി എത്തിയെങ്കിലും അധികമൊന്നും ശോഭിക്കാനായില്ല.

 

വിവാദങ്ങളുടേയും, പ്രശസ്തിയുടേയും കൊടുമുടിയിൽ നിൽക്കുമ്പോഴും ഡീഗോ ഒരു സാധാരണ മനുഷ്യനായി, വേദനിക്കുന്നവരെ ചേർത്തുനിർത്തി. ചിരികളും കരച്ചിലും പാട്ടുകളും നൃത്തവുമായി ലോകത്തോട് തന്റെ വികാരങ്ങൾ പങ്കുവച്ചു. നിലപാടുകളിലൂടെ സോഷ്യലിസ്റ്റെന്ന് പ്രഖ്യാപിച്ചു. പലസ്തീനിലെ ജനങ്ങൾക്ക് പരസ്യമായി ഐക്യദാർഡ്യം പ്രഖ്യാപിച്ച താരം എന്നും ചേർന്നു നിന്നത്  വിപ്ലവരാഷ്ട്രീയത്തോടായിരുന്നു. ഹൃദ്രോഗബാധിതനായ മാറഡോണയെ കാസ്‌ട്രോ സ്‌നേഹപൂര്‍വ്വം ക്യൂബയിലേക്ക് ക്ഷണിച്ചു. ക്യൂബയിലെ ചികിത്സയിലൂടെ മാറഡോണ പുനർജനിച്ചു.ഫിദലിനെ ഞാന്‍ കാണുന്നത് ദൈവത്തിനും മുകളിലായാണെന്ന് താരം ഒരിക്കൽ പറഞ്ഞു.

 

കയ്യിൽ പച്ചകുത്തിയ ചെഗുവേരയും ഒപ്പം ചേർത്തു നിർത്തിയ ഫിദൽ കാസ്ട്രോയും കളിക്കളത്തിലെ രാജാവിന്റെ ഇഷ്ടതോഴരും നേതാക്കളുമായി. കേരളത്തിലെത്തിയ മറഡോണയെ വരവേൽക്കാൻ, തടിച്ചുകൂടിയ ജനങ്ങളിൽ ഫുഡ്ബോൾ പ്രേമികൾ മാത്രമല്ല ലോകം കീഴടക്കിയ മാന്ത്രികനെ, ഭൂമിയിലെ ദൈവത്തിന്റെ പ്രതിപുരുഷനെ ഒരുനോക്കു കാണാൻ എത്തിയവരും നിരവധിയായിരുന്നു. അവർ പറഞ്ഞത് ഇത്രമാത്രം എന്തുകൊണ്ടോ ഇഷ്ടമാണ് ഈ മനുഷ്യനെ.


തലച്ചോറിൽ രക്തസ്രാവത്തെതുടർന്ന്  ശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്ന ഡീഗോ ഒടുവിൽ  ഹൃദയാഘാതത്തിലൂടെ മരണത്തിന് കീഴടങ്ങി. അതും നവംബർ 25,  ഇഷ്ട തോഴനായ ഫിദർ കാസ്ട്രോ ഭൂമിയിൽ നിന്നു മടങ്ങിയ അതേ ദിവസം. കളിക്കളത്തിനകത്തും പുറത്തും ഇത്രമേൽ ആഘോഷിക്കപ്പെട്ട മറ്റൊരാളുണ്ടാകില്ല. അതുകൊണ്ടാകണം ആ മരണവാർത്ത കായികലോകത്തിനുമപ്പുറം ലോകജനതയെ മുഴുവൻ കണ്ണിരിലാഴ്ത്തിയത്. നവംബറിന്റെ ഏറ്റവും വലിയ നഷ്ടമായി മറഡോണയുടെ മരണം  അടയാളപ്പെടുത്തുമ്പോളും ലോകം ഒരേ സ്വരത്തിൽ പറയുന്നു ഡീഗോ നിങ്ങൾക്ക് മരണമില്ല,,,,,,,,,,,,,,,,,,,,,,