ലഖിംപുര്‍ ഖേരി കൊലപാതകം: മന്ത്രി പുത്രനായ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം
അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയ്ക്കും മറ്റു രണ്ട് പേർക്കും ജാമ്യം ലഭിക്കുന്നത്.

അലഹബാദ്: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊല ചെയ്ത കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനണ് ആശിഷ്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയ്ക്കും മറ്റു രണ്ട് പേർക്കും ജാമ്യം ലഭിക്കുന്നത്.
വിചാരണ കോടതിയില്‍ ആശിഷിനെ മുഖ്യ പ്രതിയാക്കി 5,000 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നത്. വിചാരണ കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ആശിഷ് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ഹൈക്കോടതി ആശിഷിന് ജാമ്യം നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട പോളിങ് നടക്കുന്ന ദിവസം തന്നെയാണ് ജാമ്യം കോടതി ജാമ്യം അനുവദിച്ചത്. 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപുര്‍ ഖേരി സംഭവം നടന്നത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്ന വിവരം അറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ 3 വാഹനങ്ങള്‍ കര്‍ഷകരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റിയെന്നാണ് കേസ്. സംഭവ സ്ഥലത്ത് ക്ഷുഭിതരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ 6 കര്‍ഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്