ന്യൂയോർക്ക്: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ ‘റോ’യുടെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ യു.എസിൽ കുറ്റം ചുമത്തി. പന്നൂനെ വധിക്കാൻ വികാസ് വാടക കൊലയാളിയെ ഏർപ്പാടാക്കി എന്നാണ് ആരോപണം. ഇതോടെ, എഫ്.ബി.ഐ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ വികാസിന്റെ പേരും ഉൾപ്പെടുത്തി. വികാസ് യാദവിനെ വിട്ടുനൽകുന്നതിന് യു.എസ് ഇന്ത്യയെ ഔദ്യോഗികമായി സമീപിച്ചേക്കും.
ഹരിയാണ സ്വദേശിയാണ് വികാസ് യാദവ്. യു.എസ് പൗരന്മാർക്കെതിരായ അതിക്രമങ്ങളെ എഫ്.ബി.ഐ വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ വ്യക്തമാക്കി. പന്നുവിന്റെ വിലാസം, ഫോൺ നമ്പർ, മറ്റ് തിരിച്ചറിയൽ രേഖങ്ങൾ തുടങ്ങിയുള്ള വിവരങ്ങൾ വിക്രം കൈമാറിയെന്നാണ് എഫ്.ബി.ഐ പറയുന്നത്. അതേസമയം, വികാസ് നിലവിൽ സർക്കാർ സർവീസിൽ ഇല്ല എന്നതല്ലാതെ മറ്റ് പ്രതികരണങ്ങൾക്ക് ഇന്ത്യ തയ്യാറായിട്ടില്ല.
കേസിൽ കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ് യാദവ്. നേരത്തെ, ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയേയും ഇതേ കേസിൽ കുറ്റം ചുമത്തി ജയിലിലാക്കിയിരുന്നു. 52 വയസ്സുള്ള നിഖിൽ ഗുപ്തയെ കഴിഞ്ഞവർഷമാണ് ചെക് റിപ്പബ്ലിക്കിൽ അറസ്റ്റുചെയ്തത്. യു.എസ്. പൗരനായ പന്നൂനിനെ ന്യൂയോർക്കിൽ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് നിഖിൽ ഗുപ്തയുടെ പേരിലുള്ള ആരോപണം.