ഇടുക്കി: തൊടുപുഴ മണക്കാട് ആത്മഹത്യാ ശ്രമത്തിൽ മരണം രണ്ടായി. പുല്ലറക്കൽ ആന്‍റണിയാണ് ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. മകൾ സിൽനയുടെ നില ഗുരുതരമായി തുടരുകയാണ്. ആന്‍റണിയുടെ ഭാര്യ ജെസ്സി ചൊവ്വാഴ്ചയാണ് മരിച്ചത്. ഇയാൾക്ക് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ആന്‍റണിക്ക് തൊടുപുഴ നഗരത്തിൽ ഒരു കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആന്‍റണിക്കും കുടുംബത്തിനും ജപ്തി ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.47 ഓടെയാണ് ജെസ്സി മരിച്ചത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ മരുന്ന് ഫലിക്കാത്ത സ്ഥിതിയായിരുന്നു.