കോവിഡിനെ നേരിടാന്‍ 'ആയുഷ് 64' ഫലപ്രദമെന്ന് കണ്ടെത്തല്‍

കോവിഡിനെ നേരിടാന്‍ ആയുര്‍വേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം.

കോവിഡിനെ നേരിടാന്‍ 'ആയുഷ് 64' ഫലപ്രദമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ ആയുര്‍വേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആയുഷ് മന്ത്രാലയവും സിഎസ്‌ഐആറും നടത്തിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടു. 

ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64. ഗുരുതരമല്ലാത്ത കോവിഡ് രോഗികളില്‍ ആയുഷ് 64 ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുഷ് 64-ന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്നതിന് വേണ്ടി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിരുന്നു. യുജിസി മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധനാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

മലേറിയയ്‌ക്കെതിരെ 1980ല്‍ വികസിപ്പിച്ച ആയുര്‍വേദ ഔഷദമാണ് ആയുഷ് 64. സെന്‍ഡ്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ പ്രത്യാശയുടെ കിരണമാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.