മുംബൈ: അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയേയും ലക്ഷ്യംവെച്ചിട്ടുണ്ടെന്ന് പിടിയിലായ പ്രതികള്‍. ബാബ സിദ്ദിഖിയേയും മകന്‍ സീഷാന്‍ സിദ്ദിഖിയേയും കൊലപ്പെടുത്താനാണ് സംഘത്തിന് ക്വട്ടേഷന്‍ ലഭിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ബാബ സിദ്ദിഖിയും മകനും ഒരേ സ്ഥലത്തുണ്ടാകുമെന്ന വിവരം കൊലപാതകികള്‍ക്ക് ലഭിച്ചിരുന്നു. രണ്ട് പേരേയും ഒരുമിച്ച് കൊലപ്പെടുത്താനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ ആദ്യം കാണുന്നയാളെ കൊലപ്പെടുത്താനാണ് നിര്‍ദേശം ലഭിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.
ബാന്ദ്ര ഈസ്റ്റിലെ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ മൂന്ന് വെടിയേറ്റു, ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരക്ഷാജീവനക്കാരന് മേല്‍ മുളകുപൊടിയെറിഞ്ഞാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് പേരെ പിടികൂടി. ഒരു ഷൂട്ടര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഗുര്‍മാലി ബാല്‍ജിത്ത് സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. ഷൂട്ടര്‍ ശിവകുമാര്‍ ഗൗതമിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. പ്രതികളെ പിടികൂടാന്‍ ഹരിയാണയിലും, യു.പിയിലും, ഡല്‍ഹിയിലും പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരുകയാണ്.