സമ്പന്നർക്കായി യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്: വിജയ്ബാബുവിന് കുരുക്ക് മുറുകുന്നു 

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ ഇന്ത്യയിലെത്തി ക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സമ്പന്നർക്കായി യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്: വിജയ്ബാബുവിന് കുരുക്ക് മുറുകുന്നു 

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബു വിനെ ഇന്ത്യയിലെത്തി ക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിനായോ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.

അതിനിടെ വിജയ്ബാബു, സിനിമാ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.

വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നൽകിയില്ല. ഇതോടെ വിനോദചാന ലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.

സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ്ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും  ലഭിച്ചിട്ടുണ്ട്. ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്.