മുംബൈയില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഇതുവരെ ഈടാക്കിയപിഴ 30.5 കോടി

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ.

മുംബൈയില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഇതുവരെ ഈടാക്കിയപിഴ 30.5 കോടി

മുംബൈ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ ഈടാക്കിയത് 29 ലക്ഷം രൂപ. 14,600 പേരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. 2020 മാര്‍ച്ച് മുതല്‍ 15 ലക്ഷം പേരില്‍ നിന്ന് 30.5 കോടിയോളം രൂപ പിഴയായി കോര്‍പറേഷന്‍ ഈടാക്കിയതായാണ് കണക്ക്. മാസ്‌ക് ധരിക്കാത്ത 22,976 പേരില്‍ നിന്ന് 45.95 ലക്ഷം രൂപ ഫെബ്രുവരി 23 ന് അധികൃതര്‍ ഈടാക്കി. 60 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ആഴ്ച അവസാനം മാസ്‌ക് ലംഘനത്തിന് പിഴ ചുമത്തിയത്. 

ലോക്കല്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് പുനരാരംഭിച്ച സാഹചര്യത്തില്‍ അടുത്ത 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ഐ എസ് ചഹല്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നേരത്തെ തന്നെ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. രോഗവ്യാപനനിരക്ക് വീണ്ടുമുയര്‍ന്നതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശം നല്‍കി.