പഴകിയ ബ്രഡ് ഉണ്ടോ എങ്കില്‍ ഇനി ബിയര്‍ ഉണ്ടാക്കാം; പുതിയ സംരംഭവുമായി ബ്രിട്ടീഷ് യുവാവ്

ലണ്ടന്‍:കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് ലോകമാകെ അടച്ചുപൂട്ടലിലാണെങ്കിലും ലോക്ക് ഡൗണ്‍കാലത്ത് പുത്തന്‍ ആശയങ്ങളും കണ്ടു പിടുത്തങ്ങളുമായി എത്തുന്നവര്‍ നിരവധിയാണ്.അത്തരത്തില്‍ ഒരു കണ്ടു പിടുത്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രത്യേകിച്ചും മദ്യപിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തകൂടിയാണ്. ബ്രിട്ടീഷ് പൗരനായ ഡിമിട്രിസ്മരിയോസ് സ്റ്റോയിഡിസാണ് കച്ചവടസാധ്യതയും സമൂഹത്തിലെ ആഘോഷവുമെല്ലാം പരിഗണിച്ച് കിടിലന്‍ കണ്ടു പിടിത്തവുമായെത്തിയിരിക്കുന്നത്.
പഴകിയ നിലയിലുള്ള ബ്രെഡില്‍ നിന്ന് ബിയര്‍ ഉണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഡിമിട്രിസ്മരിയോസ് സ്റ്റോയിഡിസ്. ലഹരി പകരാനാകുക എന്നത് മാത്രമല്ല പാഴ്വസ്തുക്കളുടെ വര്‍ധന തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഫ്യൂച്ചര്‍ ബ്രൂ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനായി ഡിമിട്രിസ്മരിയോസ്കമ്പനി തന്നെ ആരംഭിച്ചു കഴിഞ്ഞു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് തന്റേതായ സംഭാവനകള്‍ നല്കാന് ഉദ്ദേശിച്ചാണ് ഇദ്ദേഹം പുതിയ ബിയര്‍ കണ്ടുപിടിച്ചത്.
പാഴായ ഭക്ഷ്യവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് എന്‍ജിനീയറിങ് ബിരുദധാരി കൂടിയായ ഡിമിട്രിസ്മരിയോസ് സ്റ്റോയിഡിസ് പറയുന്നു. പുതിയ സംരംഭത്തില്‍ 20000 പൗണ്ട് നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്. തന്റെ ഉല്‍പ്പന്നത്തെ കാര്‍ബണ്‍ നെഗറ്റീവ് ബിയര്‍ എന്നാണ് ഈ 23കാരന് വിശേഷിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബ്രെഡ് തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.