കൊച്ചി: ലൈംഗിക പീഡനക്കേസിൽ വ്യവസായിയും നിർമ്മാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 1986-1992 കാലഘട്ടത്തിൽ നടന്ന ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പ് കേസിലെ വിവാദ വ്യവസായിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ. തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാർട്ടിൻ എന്ന് പേര് മാറ്റുകയും മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പേരിൽ ചലച്ചിത്ര നിർമ്മാണം ഉൾപ്പെടെ നിരവധി വ്യവസായങ്ങളിൽ സജീവമാകുകയും ചെയ്തു.
2000 മുതൽ വയനാട്, മുംബൈ, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നല്കുമെന്ന് ഉറപ്പായതിനെ തുടർന്ന് ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിലെ സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു ഇയാൾ.
മാർട്ടിന് ഹൈക്കോടതി കഴിഞ്ഞയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇന്ന് വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി വരികയാണ്.