അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ കൈത്താങ്ങേകി സർക്കാർ. വയോജനങ്ങളുടെ ഉത്ക്കണ്ഠയും പ്രയാസങ്ങളും അടിയന്തരമായി പരിഗണിക്കുന്നതിനായി കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിക്കാനും ഇതിനായി പ്രത്യേക ഓർഡിനൻസ് പുറത്തിറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മീഷൻ അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും അവകാശ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനായാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതെന്നും തുടർന്ന് മന്ത്രി പറഞ്ഞു. കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പഴ്സനും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്ന് നിർദ്ദിഷ്ട ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുമെന്നും ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്മീഷൻ അംഗങ്ങളിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ ഉൾപ്പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളായിരിക്കും കമ്മീഷന്‍ സെക്രട്ടറി.