പുത്തന്‍കുരിശ്: സമാധാനത്തോടെ പോവുക… എന്ന പ്രാര്‍ഥനാഗീതം മുഴങ്ങിയപ്പോള്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ മിഴികള്‍ നിറയുന്നുണ്ടായിരുന്നു. നല്ല ഇടയന് യാത്രയയപ്പ് നല്‍കാന്‍ പുത്തന്‍കുരിശിലെ സഭ ആസ്ഥാനത്തിന് സമീപത്തുള്ള കത്തീഡ്രലില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികശരീരം സംസ്‌കരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു കബറടക്കം. പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ. ആര്‍ച്ച് ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. വിവിധ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, കെ. സുധാകരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തിയിരുന്നു.