ട്വിറ്ററുമായി പോരിന് സർക്കാർ, ദേസി ആപ്പായ 'കൂ'വുമായി കേന്ദ്രം

കര്‍ഷകസമരത്തിൻ്റെ പേരിൽ അക്കൌണ്ടുകൾ പൂര്‍ണമായി മരവിപ്പിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പൂര്‍ണമായും നിയമപരമല്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ട്വിറ്റര്‍ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

ട്വിറ്ററുമായി പോരിന് സർക്കാർ,  ദേസി  ആപ്പായ 'കൂ'വുമായി കേന്ദ്രം

ന്യൂഡല്‍ഹി : കാര്‍ഷിക സമരത്തിൻ്റെ പശ്ചാത്തലത്തില്‍ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രത്തിൻ്റെ നിര്‍ദ്ദേശം നിരാകരിച്ച ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ .

ട്വിറ്ററിന് ബദലായുള്ള തദ്ദേശീയ ആപ്പായ കൂവില്‍ ചേരാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ തന്നെയാണ് പുതിയ ആപ്പില്‍ ചേരാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത്.. നടി കങ്കണ റണാവത്ത് കൂ ആപ്പില്‍ ചേരുന്നതായി അറിയിച്ചു. ട്വിറ്ററിനെതിരായ വിമര്‍ശനം സര്‍ക്കാര്‍ കൂ ആപ്പില്‍ പോസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി കര്‍ഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അക്കൌണ്ടുകള്‍ക്ക് പാകിസ്ഥാന്‍, ഖാലിസ്ഥാന് ബന്ധമുള്ളവയാണെന്നും ആരോപിക്കുന്നു.

ആവശ്യം ലംഘിച്ചാൽ 7 വര്‍ഷം വരെ തടവ് ലഭിക്കുന്ന നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ ട്വിറ്ററിനെ അറിയിച്ചിട്ടുള്ളത്. ചട്ടലംഘനം കണ്ടെത്തിയ 500 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നാണ് ട്വിറ്റര്‍ മറുപടി.

കര്‍ഷകസമരത്തിൻ്റെ പേരിൽ അക്കൌണ്ടുകൾ പൂര്‍ണമായി മരവിപ്പിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പൂര്‍ണമായും നിയമപരമല്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ട്വിറ്റര്‍ കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിലും ഇൻ്റര്‍നെറ്റ് ഉപയോഗിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തിലും നിലപാട് വ്യക്തമാക്കിയതോടെയാണ് ട്വിറ്ററിനെതിരെയുള്ള പുതിയ നീക്കം. ചര്‍ച്ച നടന്നുകൊണ്ടിരിക്കേ ട്വിറ്റര്‍ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐ..ടി മന്ത്രാലയം പ്രതികരിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചക്ക് ട്വിറ്റര്‍ സമയം തേടിയിരുന്നു. ഐടി സെക്രട്ടറി ട്വിറ്റര്‍ പ്രതിനിധികളെ കാണാനിരിക്കുമ്പോഴാണ് പ്രതികരണമെന്നും ഇത് അസാധാരണമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, പാകിസ്ഥാന്‍ ഖലിസ്ഥാന്‍ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന സര്‍ക്കാരിൻ്റെ ആവശ്യത്തില്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. നടപടിക്ക് വിധേയമായ അക്കൗണ്ടുകള്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റര്‍ പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ , ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ല, അത് ഇന്ത്യയിലെ തന്നെ അഭിപ്രായസ്വാതന്ത്ര അവകാശത്തിന് വിരുദ്ധമാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി.