രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്തു നിന്ന് ആരു മന്ത്രിയാകും?

ഇത്തവണ ജലീല്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം.

രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്തു നിന്ന് ആരു മന്ത്രിയാകും?

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ്ടും മന്ത്രിയായി ജലീല്‍ വരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇത്തവണ ജലീല്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം. ജലീലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ മലപ്പുറത്ത് മുസ്ലിം സമുദായത്തില്‍നിന്ന് ഒരാളെന്ന നിലയില്‍ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്.

മലപ്പുറം ജില്ലയില്‍ മുന്നണിയുടെ സ്വാധീനം വളര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ലീഗില്‍നിന്ന് ഇടതുപക്ഷത്തേക്ക് എത്തിയ ജലീലിനെ മന്ത്രിയാക്കിയതിലൂടെ സി.പി.എം. ലക്ഷ്യമിട്ടത്. ഇത്തവണ ജില്ലയില്‍ നാല് സീറ്റ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. അതിനാല്‍ ജലീല്‍ മാതൃകയില്‍ ലീഗിന്റെ അപ്രമാദിത്വത്തില്‍ കലഹിച്ച് കോണ്‍ഗ്രസില്‍നിന്ന് ഇടതുചേരിക്കൊപ്പമെത്തിയ അബ്ദുറഹ്മാനെ മന്ത്രിയാക്കാനുള്ള സാധ്യത തള്ളാനാകില്ല.

താനൂരില്‍ കഴിഞ്ഞ തവണ അബ്ദു റഹ്മാന്‍ രണ്ടത്താണിയെ അട്ടിമറിച്ച അബ്ദുറഹ്മാന്‍ ഇത്തവണ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് തോല്‍പിച്ചത്. സി.ഐ.ടി.യു. പ്രാതിനിധ്യം പരിഗണിച്ച് പൊന്നാനിയില്‍നിന്ന് ജയിച്ച മുതിര്‍ന്ന നേതാവ് പി. നന്ദകുമാറും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാം.